മാത്തുക്കുട്ടിയെ തോല്‍പിക്കാനാവില്ല

•മേയ് 11, 2007 • ഒരു അഭിപ്രായം ഇടൂ

തിരഞ്ഞെടുപ്പ് നടത്താന്‍ തീയതി പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് ക്യാംപസ് ആ വര്‍ഷവും ഉണര്‍ന്നത്. അതുവരെ പ്രണയത്തിന്റെ തണുപ്പുള്ള അരളിച്ചുവട്ടില്‍ കുമാരിമാരുടെ ചെറുചൂടുള്ള കൈത്തലങ്ങളില്‍ മുഖം ചേര്‍ത്തു കിടന്ന കലാലയത്തിന്റെ കലുഷിതഹൃദയം സടകുടഞ്ഞെണീറ്റു.

പെണ്‍കുട്ടികളെ ക്ലാസ്സില്‍ കയറ്റി വിട്ട് അരളിച്ചുവടുകള്‍ ഓരോ പാര്‍ട്ടിയും ബുക്ക് ചെയ്തു. പാര്‍ട്ടി ഓഫിസുകള്‍ക്ക് സമാനമായ രീതിയിലേക്ക് അരളികളുടെ സ്വഭാവം മാറ്റി.
കണ്ണെത്തുന്നിടം വരെ നോട്ടീസുകള്‍ കണ്ണെത്താത്തിടങ്ങളില്‍ ബാനറുകള്‍. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കോളജില്‍ വരികയും വോട്ട് ചോദിച്ച് ജയിക്കുയും പിന്നെ അടുത്ത തിരഞ്ഞെടുപ്പുകാലം വരെ എവിടെയോ മറഞ്ഞിരിക്കുകയും ചെയ്യുന്ന കുട്ടിരാഷ്ട്രീയക്കാരുടെ കുറ്റിയറ്റു തുടങ്ങുന്ന കാലം. നന്നായി പഠിക്കുന്ന, കുഞ്ചാക്കോ ബോബനെപ്പോലെ സുന്ദരനായ ആണ്‍കുട്ടികള്‍ക്കാണ് ഡിമാന്റ്.

ചെയര്‍മാന്‍ സീറ്റിലേക്ക് ഇത്തരം യോഗ്യതകളുള്ള ആരെയും കിട്ടാതായപ്പോള്‍ ഐ.എസ്.യു. എന്ന സ്വതന്ത്ര വിദ്യാര്‍ഥി സംഘടന (സീറ്റു കിട്ടാത്തവരുടെ കൂട്ടായ്മ) കണ്ടെത്തിയത് സാക്ഷാല്‍ മാത്തുക്കുട്ടിയെയായിരുന്നു.

സാക്ഷാല്‍ മാത്തുക്കുട്ടി എന്നു പറയാന്‍ മാത്തുക്കുട്ടി വേറെയുമുണ്ടോ എന്നു സംശയിക്കാം. ഉണ്ട്, കോളജില്‍ ആകെ ഒന്‍പത് മാത്തുക്കുട്ടിമാര്‍. ക്ലാസ്സില്‍ വരുന്നത് -നാല്. ഇടയ്ക്കു സന്ദര്‍ശിക്കുന്നത്-മൂന്ന്, ഒരിക്കലും വരാത്തത് -രണ്ട്. ഈ ഒന്‍പതില്‍ വച്ച് ഏറ്റവും ഗുണനിലവാരമുള്ള മാത്തുക്കുട്ടിയെ തന്നെയാണ് ഐ.എസ്.യു. കരുത്തനായ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

അത്യാവശ്യം പഠിക്കും എന്നതിനു പുറമേ കലോല്‍സവങ്ങളില്‍ ആരും മല്‍സരിക്കാനില്ലാത്ത ഇനങ്ങളില്‍ മാത്രം മല്‍സരിച്ച് സമ്മാനം നേടുന്ന, തിരഞ്ഞെടുപ്പു കാലത്തെങ്കിലും മനോഹരമായി പാടുന്നയാളാണ് മാത്തുക്കുട്ടി. അടുപ്പമുള്ളവര്‍ മാത്തുക്കുട്ടി എന്നത് ചുരുക്കി മാക്കു എന്നും വിളിക്കും.

മാക്കു സ്ഥാനാര്‍ഥിയായതോടെ തിരഞ്ഞെടുപ്പ് രംഗം സജീവമായി. ആകെ 10 സ്ഥാനാര്‍ഥികള്‍. മാത്തുക്കുട്ടി, എതിര്‍ സ്ഥാനാര്‍ഥി ജനകീയനായ തോമസ് ജോര്‍ജ്, പിന്നെ ഡമ്മി മാത്തുക്കുട്ടിമാര്‍ -8. തികഞ്ഞ കലാകാരനും പ്രതിഭാശാലിയുമായ മാക്കു പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്നു. സ്വന്തം ഇമേജില്‍ ശ്രദ്ധയുള്ള അദ്ദേഹം വേണ്ട മുദ്രാവാക്യങ്ങള്‍ സ്വയമെഴുതി. പ്രംസംഗങ്ങള്‍ സ്വയം തയ്യാറാക്കി. രാത്രിയില്‍ പോസ്റ്ററുകളും ബാനറുകളും ഒട്ടിച്ചു നടന്നു.

നേരായ വഴിയില്‍ മാക്കുവിനധികം മുന്നേറാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്ന തോമസ് ജോര്‍ജ് വിദ്യാര്‍ഥികള്‍ക്ക് സ്വന്തം എം.എല്‍.എയാണ്. എങ്കിലും പല വേലകളും കാട്ടി തനിക്കു ചുറ്റും ചെറിയ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കാന്‍ മാക്കുവിന് കഴിഞ്ഞു. വിശദമായ ചര്‍ച്ചയ്ക്കു ശേഷം ചില വ്യത്യസ്ത തന്ത്രങ്ങള്‍ കൂടി പയറ്റാന്‍ മാക്കു തീരുമാനിച്ചു.

ഇതനുസരിച്ച് രാത്രിയില്‍ കറങ്ങി നടന്ന് സ്വന്തം ബാനറുകളും പോസ്റ്ററുകളും മാക്കുവിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ക്രൂരമായി വലിച്ചു കീറുകയും കരിപുരട്ടുകയും ചെയതു. പക്ഷെ ഒന്നും നശിപ്പിച്ചില്ല. സഹതാപ തരംഗത്തിന് ആഞ്ഞടിക്കാന്‍ വേണ്ട കാലാവസ്ഥയൊരുക്കിക്കൊണ്ട് മാനഭംഗം ചെയ്യപ്പെട്ട നിലയില്‍ എല്ലാ പോസ്റ്ററുകളും ബാനറുകളും അവര്‍ നിലനിര്‍ത്തി. എതിര്‍പക്ഷം കാര്യമായി പ്രതികരിച്ചില്ല. പ്രചാരണം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒടുവില്‍ മാക്കു വിജയത്തിലേക്ക് നിങ്ങുകയാണെന്ന് ചില അഭിപ്രായവോട്ടെടുപ്പ്കാര്‍ അഭിപ്രായപ്പെട്ടു.

ഒടുവില്‍ തിരഞ്ഞെടുപ്പ് ദിനം വന്നെത്തി.

തിരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി 12 മണിയോടടുത്ത സമയം. തന്റെ പോസ്റ്ററുകള്‍ കൊണ്ട് തീര്‍ത്ത തോരണങ്ങള്‍ കൃത്യമായും കോളജിന്റെ കവാടങ്ങളില്‍ വലിച്ചു കെട്ടി എല്ലാം ഭദ്രമെന്നുറപ്പു വരുത്തി മാക്കുവും സംഘവും മടങ്ങുകയാണ്. ഏഴു പേരും രണ്ടു ബൈക്കുമുണ്ടായിരുന്നു. ആറ് പേരെയും ബൈക്കുകളില്‍ കയറ്റിവിട്ട് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്കുള്ള അര കിലോമീറ്റര്‍ നടക്കാന്‍ ത്യാഗമനസ്കനായ മാക്കു തീരുമാനിച്ചു.

കോളജില്‍ നിന്നകലും തോറും ഇരുട്ട് കനത്തു വന്നു. വിജനമായ റോഡില്‍ എതിരാളിയുടെ പരാജയഭീതി തങ്ങിനില്‍പുണ്ടെന്നവന് തോന്നി. അര കിലോമീറ്ററില്‍ നാനൂറ് മീറ്ററെങ്കിലും പിന്നിട്ടു കാണും.
റോഡില്‍ നിന്ന് അടുത്ത നടവഴിയിലേക്ക് ചാടിക്കടന്ന മാക്കുവിന്റെ കാല്‍ വഴുതി. എവിടെയെങ്കിലും പിടിച്ചു നില്‍ക്കും മുന്പ് കരിങ്കല്ലില്‍ കെട്ടിനിര്‍ത്തിയ ഓടയിലേക്ക്. ഒരു വിധത്തില്‍ പിടഞ്ഞെണീറ്റു.

കൈമുട്ടും കാല്‍മുട്ടും പൊട്ടി ചോരയൊഴുകുന്നുണ്ട്. നടക്കാന്‍ പ്രയാസം. എങ്കിലും ചരിത്രപ്രധാനമായ എന്തിലേക്കോ എന്ന് വിശ്വസിച്ച് മാക്കു നടന്നു. മെയിന്‍ റോഡിലെത്തുന്പോഴേക്കും ചോര കുറെ പോയിരുന്നു. എതിര്‍വശത്തു നിന്നെത്തിയ ബൈക്കിന്റെ വെളിച്ചം കണ്ണിലടിച്ചപ്പോള്‍ മാക്കുവിന് തല ചുറ്റി. വീഴാതിരിക്കാന്‍ മുന്നില്‍ കണ്ട പോസ്റ്റില്‍ വട്ടം പിടിച്ച് നിന്നു.

മുന്നില്‍ നിര്‍ത്തിയ ബൈക്കില്‍ നിന്ന് എതിര്‍സ്ഥാനാര്‍ഥി തോമസ് ജോര്‍ജ് ഒരു വിശുദ്ധനെപ്പോയെ സഹായം വാഗ്ദാനം ചെയ്തു. അത് നിഷേധിച്ച് മുന്നോട്ടു നടക്കാന്‍ തുടങ്ങിയ മാക്കു തല ചുറ്റി ചെളി നിറഞ്ഞ ഓടയില്‍ വീണു.

കണ്ണു തുറക്കുന്പോള്‍ നേരം പുലര്‍ന്നിരുന്നു. കിടപ്പ് ആശുപത്രിയില്‍. കൈയ്യിലും കാലിലും വച്ചു കെട്ട്. ചുറ്റും പാര്‍ട്ടി പ്രവര്‍ത്തകര്‍. താന്‍ മരിക്കാന്‍ പോവുകയാണോ എന്നൊരു നിമിഷം മാക്കു ഭയപ്പെട്ടു. അല്ല, ജയിക്കാന്‍ പോവുകയാണ് … ഞങ്ങള്‍ ജയിപ്പിക്കാന്‍ പോവുകയാണ്.-തിരഞ്ഞെടുപ്പു കണ്‍ വീനര്‍ പറഞ്ഞു.

മാത്തുക്കുട്ടിയെ എതിര്‍സ്ഥാനാര്‍ഥി ഗുണ്ടകളോടൊപ്പം ചേര്‍ന്ന് തലേന്ന് രാത്രി ആക്രമിച്ചെന്നു പ്രചരിപ്പിക്കുന്ന നോട്ടീസും മാത്തുക്കുട്ടിയുമായി ജീപ്പ് കോളജിലേക്ക്. പക്ഷെ ആകെ ഒരു പന്തികേട്. തലേന്ന് ചാര്‍ത്തിയ മാക്കു തോരണങ്ങള്‍ കാണാനില്ല. പോസ്റ്ററുകളും കമ്മി. എവിടെയോ എന്തോ തകരാറുള്ളതു പോലെ.

ജീപ്പില്‍ നിന്നിറങ്ങിയ മാക്കുവിനെ നോക്കി വിദ്യാര്‍ഥികള്‍ കൂവി. പാഞ്ഞടുത്ത ചിലര്‍ ചേര്‍ന്ന് ജീപ്പിലെ നോട്ടീസ് കെട്ടു പൊട്ടിക്കാതെ എടുത്തു കൊണ്ടു പോയി. മീനച്ചിലാര്‍ അതും ഒഴുക്കിക്കൊണ്ട് പോയി.

ക്യാംപസിനുള്ളില്‍ കടന്നപ്പോഴ്‍ കാലാവസ്ഥ മാറി. രാത്രിയില്‍ മാക്കു മദ്യപിച്ചു മദോന്‍മത്തനായി പോസ്റ്റില്‍ വട്ടം പിടിച്ചു നില്‍ക്കുന്നതും ലക്കുകെട്ട് ഓടയില്‍ കിടക്കുന്നതുമായ ചിത്രങ്ങളുടെ അനേകം കോപ്പികള്‍ കണ്ട് മാക്കു ഞെട്ടി. തന്റെ കൈയ്യിലെ വച്ചു കെട്ടുകള്‍ പോലും കൂറുമാറിയെന്ന് മാക്കുവിന് തോന്നി.

ആ തിരഞ്ഞെടുപ്പില്‍ തോമസ് ജോര്‍ജിന്റേത് കോളജിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരുപക്ഷമായിരുന്നു.

Advertisements

കോഴിക്കോട് ഫ്ലൈറ്റിലെ സീസണ്‍ ടിക്കറ്റ്

•മേയ് 11, 2007 • ഒരു അഭിപ്രായം ഇടൂ

പച്ച നിറമുള്ള മലകളും നീല ആകാശവും ചുവപ്പണിഞ്ഞ വഴികളും വരച്ചു തുടങ്ങിയതാണ് മാത്യൂസ്. അവനോടൊപ്പം വരയും വളര്‍ന്നു. ഒടുവില്‍ ഒരു ഗ്രാഫിക് ഡിസൈനറായി.

കൊച്ചിയിലെ കൊളളാവുന്ന കമ്പനിയില്‍ മാസം പത്തുമുപ്പതിനായിരം രൂപ ശമ്പളത്തില്‍ പണി കിട്ടിയപ്പോള്‍ നാട്ടുകാര്‍ക്കെന്ന പോലെ മാത്യൂസിനും വിശ്വസിക്കാനായില്ല. മാത്യൂസ് വരച്ചത് മാറ്റി വരയ്ക്കണമെന്നോ ഡിസൈന്‍ ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നോ ആരും പറഞ്ഞില്ല. പ്രതിഭയുടെ ഒരു മാതിരി കമ്പനമായിരുന്നു.

മാത്യൂസിന്റെ വര്‍ക്കുകള്‍ കമ്പനിയുടെ വളര്‍ച്ചയെ സഹായിച്ചപ്പോള്‍ എവിടെയോ ഉണ്ടെന്നു കരുതപ്പെടുന്ന കമ്പനി മുതലാളി മാത്യൂസിന് അഭിനന്ദന കത്തുകളയച്ചു. പ്രതിഫലം പിന്നെയും കൂട്ടി.

തുഷാരഗിരിയില വീട്ടില്‍ പോയി വരാന്‍ ബസില്‍ സമയം തികയാതെയും കൈയ്യില്‍ പണം ആവശ്യത്തിലേറെയുമായപ്പോള്‍ മാത്യൂസ് നേരെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഓഫിസില്‍ പോയി. കൊച്ചിയില്‍ നിന്നു കോഴിക്കോട്ടേക്ക് സീസണ്‍ ടിക്കറ്റ് കിട്ടുമോ ?

കവിളില്‍ നുണക്കുഴിയുള്ള തുടുത്ത പെണ്‍കുട്ടി അപ്പുറത്തിരുന്ന കൂട്ടുകാരിയെ നോക്കി മന്ദഹസിച്ചു. മാത്യൂസിനെ അവര്‍ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിച്ചു. വിമാനം പറന്നുപോകുന്ന ഒരു വാഹനമാണ്. എല്ലാ സീസണിലും അതില്‍ ടിക്കറ്റിന് ഒരേ വിലയാണ്. അത് ഇച്ചിരെ കൂടുതലാവുകേം ചെയ്യും. പിന്നെ കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വല്ല ട്രെയിനിലും സീസണ്‍ ടിക്കറ്റ് അന്വേഷിക്കുന്നതാവും നല്ലത്. അതെന്തായാലും ഇവിടെ കിട്ടില്ല.

മാത്യൂസ് ചിരിച്ചു-വെല്‍… എത്രയാണ് നിങ്ങടെ ടിക്കറ്റ് ചാര്‍ജ് ?

നുണക്കുഴി ചിരിച്ചു. കൊതിപ്പിക്കാതെ പെങ്കൊച്ചേ !-മാത്യൂസ് മനസ്സില്‍ പറഞ്ഞു.
അവള്‍ പറഞ്ഞ വിലയ്ക്ക് ടിക്കറ്റ് വാങ്ങി മാത്യൂസ് വിമാനത്താവളത്തില്‍ പോയി. ഡൊമസ്റ്റിക് ഫ്ലൈറ്റുകള്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പോലെയാണെന്ന് മാത്യൂസിന് അന്നാണ് മനസ്സിലായത്. ഹോസ്ററസുമാരുടെ രസം മാത്യൂസിനു നന്നേ പിടിച്ചു. നുണക്കുഴി ഇതുങ്ങടെ ട്രേഡ് മാര്‍ക്കാണെന്ന് തോന്നുന്നു.

വിമാനവിശേഷങ്ങള്‍ തുഷാരഗിരിക്കാര്‍ ഞെട്ടലോടെ കേട്ടു. തിരിച്ച് കൊച്ചിയ്ക്ക് യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ തുഷാരഗിരിക്കാര്‍ മുഴുവനുമുണ്ടായിരുന്നു. മാത്യൂസിനോടുള്ള സ്നേഹത്തെക്കാള്‍ ലവന്‍ പറേണതൊക്കെ സത്യമാണോ എന്നറിയാനുള്ള വികാരമായിരുന്നു അവരെ എയര്‍പോര്‍ട്ടിലെത്തിച്ചത്.

ആഴ്‍ചകള്‍ പലതു കഴിഞ്ഞു. കൊച്ചിയില്‍ നിന്നു കയറി കോഴിക്കോട്ടിറങ്ങുന്ന മാത്യൂസ് ഫിലിപ്പോസ് വലിയൊരച്ചായനാണെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സും വിശ്വസിച്ചു. നുണക്കുഴിക്കാരി മിസ് ഇന്ത്യ മാത്യൂസിനെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ തുടങ്ങി. അവന്റെ സാമീപ്യത്തില്‍ അവളുടെ മേല്‍ച്ചുണ്ട് വിയര്‍ക്കുന്നത് അവന്‍ കണ്ടു. ലക്ഷണം വച്ചു നോക്കുമ്പോള്‍…

അടുത്ത തവണ തികച്ചും നാടകീയമായി മാത്യൂസ് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് കൈപ്പറ്റുമ്പോള്‍‍ മിസ് ഇന്ത്യ വിഷാദത്തോടെ ചേദിച്ചു-വൈഫുണ്ടാവും കൂടെ അല്ലേ ?

മാത്യൂസ് ചിരിച്ചു- വൈഫാവാന്‍ പോകുന്ന പെങ്കുട്ടി.. ഫിയാന്‍സി.. !

അവള്‍ ചിരിച്ചു കൊണ്ട് ടിക്കറ്റ്സ് നല്‍കി. അത് വാങ്ങി നോക്കിയിട്ട് മാത്യൂസ് ഒന്ന് തിരിച്ച് നല്‍കി- പോരുന്നോ എന്റെ വീട്ടിലേക്ക് ?

ശൊ !മിസ് ഇന്ത്യ വല്ലാതെ ചുവന്നു പോയി. ലീവെടുത്ത് അവള്‍ തുഷാരഗിരി കാണാന്‍ പോയി. പിന്നെ ഇടയ്ക്കിടെ മാത്യൂസ് അവളുടെ കൊച്ചിയിലെ ഫ്ലാറ്റ് കാണാന്‍ പോയി.

പിന്നെ മഴക്കാലം കഴിയുന്നതു വരെ മാത്യൂസ് മിസ് ഇന്ത്യയുടെ ഫ്ലാറ്റില്‍ കഴിഞ്ഞു. മഴ കഴിഞ്ഞപ്പോള്‍ മിസ് ഇന്ത്യക്ക് കോഴിക്കോട്ടേക്ക് ട്രാന്‍സ്ഫര്‍. കൊച്ചിനെ താലി കെട്ടി മാത്യൂസ് തുഷാരഗിരിയിലെ വസതിയില്‍ കൊണ്ടുപോയി വച്ചു.

മഴ കഴിഞ്ഞപ്പോള്‍ പിന്നെയും തുടങ്ങി. മറ്റേത് യാത്രക്കാരനെക്കാളും ഹോസ്ററസുമാരുടെ കണ്ണിലുണ്ണിയായി മാത്യൂസ്. ഒരിക്കല്‍ കോഴിക്കോട്ടു നിന്ന് കയറിയ മാത്യൂസിനെ സ്വീകരിച്ച് ആദരിച്ച് ഒരു മൂലയ്ക്കിരുത്തുന്നതു കണ്ടപ്പോള്‍ അപ്പുറത്തിരുന്ന സഹയാത്രികനു വിസ്മയമായി. ഈ പ്രശസ്തനും പ്രഗല്‍ഭനുമായ യുവാവ് ആരാണ്. അദ്ദേഹം ആദരവോടെ മാത്യൂസിനോടു ചേദിച്ചു – അങ്ങ് ആരാണ് ?

മാത്യൂസ് സ്വയം വെളിപ്പെടുത്തി. ഞാന്‍ ഇന്ന കമ്പനിയില്‍ ഇന്ന പണി ചെയ്യുന്നയാളാണ്. ഇന്നതാണ് എന്റെ പേര്. സഹയാത്രികന്‍ ചുണ്ടു കൂര്‍പ്പിച്ചിരുന്നു. മാത്യൂസ് ആവേശത്തോടെ തന്റെ ജീവിത കഥ വിവരിച്ചു. ഒരു വലിയ ഗ്രാഫിക് ഡിസൈനിങ് കമ്പനിയുടെ എംഡിയാണ് സഹയാത്രികന്‍ എന്നു മനസ്സിലായ മാത്യൂസ് കൂടുതല്‍ വാചാലനായി.

തനിക്ക് കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് ബുദ്ധിപൂര്‍വം താന്‍ ജോലി ചെയ്യുന്ന കമ്പനിയെയും അതിന്റെ അജ്ഞാതനായ മുതലാളിയെയും കണക്കിനു ചീത്ത പറഞ്ഞു. പിന്നെ പത്തു മിനിറ്റ് സമാധാനമായി ഉറങ്ങി.

കൊച്ചിയിലിറങ്ങി ഓഫിസില്‍ ചെല്ലുമ്പോള്‍ പഴയസ്വീകരണമില്ല. എന്തോ ഒരു മിസ്സിങ്.

എം.ഡി. വന്നിട്ടുണ്ട്… മാത്യൂസിനെ അന്വേഷിച്ചു- മാനേജര്‍ പറഞ്ഞു.

കള്ളന്‍ ! പിന്നെയും ശമ്പളം കൂട്ടാനുള്ള പരിപാടിയാണ്.
മാത്യൂസ് എം.ഡി.യുടെ ക്യാബിനില്‍ കയറി.

പറന്നു കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്ന് പെട്ടെന്ന് പുറത്തേക്കെറിയപ്പെട്ടതു പോലെയാണ് ആദ്യം മാത്യൂസിന് തോന്നിയത്.

വിമാനത്തില്‍ വച്ച് താന്‍ പ്രതീക്ഷയോടെ കണ്ട മുതലാളി താന്‍ കാണാത്ത തന്റെ സ്വന്തം മുതലാളിയാണെന്ന തിരിച്ചറിവ് വെറും സ്വപ്നമാണെന്നൊക്കെ വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴേക്കും മുതലാളി ആ കടലാസ് മാത്യൂസിന്റെ നേര്‍ക്ക് നീട്ടികഴിഞ്ഞിരുന്നു.

ഓഫിസിലെ തന്റെ ക്യാബിന്‍ ഒഴിഞ്ഞ് സധനങ്ങളുമായി കോഴിക്കോട്ടോയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിനു പിന്നാലെ ഓടുമ്പോള്‍ തികച്ചും പ്രകോപനപരമായി മുകളിലൂടെ ഒരു വിമാനം താഴ്ന്നു പറക്കുന്നുണ്ടായിരുന്നു.

പ്രണയം ദൃഢമായ ജട്ടി പോലെ

•മേയ് 11, 2007 • ഒരു അഭിപ്രായം ഇടൂ

കത്തുകള്‍ വഴി ആറ് തവണ. ഫോണിലൂടെ അനന്തമായി. നേരിട്ടു മൂന്നു തവണ. ഇത്രയധികം സങ്കീര്‍ണ്ണമായി അഭ്യര്‍ഥിച്ചിട്ടും അപേക്ഷിച്ചിട്ടും ചെറിയാന്റെ പ്രണയം ലിസ തിരിച്ചറിഞ്ഞില്ല.

കത്തുകളില്‍ പ്രണയാഭ്യര്‍ഥനയുടെ നൂതന പരീക്ഷണങ്ങള്‍ നിരവധി നടത്തിയതാണ് ചെറിയാന്‍. ഡിജിറ്റല്‍ യുഗത്തില്‍ പഴയ കമിതാക്കളുടെ മാതിരി പേനകൊണ്ട് കടലാസില്‍ എഴുതിയ പ്രേമലേഖനം നല്‍കിയതു തന്നെ ഒരു പരീക്ഷണമായിരുന്നു.
ഓരോ കത്തിലും ചെറിയാന്‍ തന്റെ പ്രേമത്തെക്കുറിച്ച്, മനോഹരവും സുഗന്ധപൂരിതവുമായ സ്വന്തം മനസ്സിനെക്കുറിച്ച്,ഹൃ ദയവിശാലതയെക്കുറിച്ച് ഒക്കെ വളരെ കാര്യമായി എഴുതിയിരുന്നെങ്കിലും ലിസക്കൊച്ചിനിളക്കമുണ്ടായില്ല.

എല്ലാ കത്തുകള്‍ക്കും അടിസ്ഥാനപരമായി ഒരേ സ്വഭാവമായിരുന്നു. കൊമേര്‍ഷ്യല്‍ സിനിമ പോലെ ചേരുവകള്‍ പാകത്തിന്. തുടക്കത്തില്‍ കുറച്ചു സാഹിത്യം. പിന്നെ ലിസയുടെ അഴകിന്റെ അപൂര്‍വതകളെക്കുറിച്ചുള്ള വര്‍ണന, അടുത്ത് ഖണ്ഡികയില്‍ സ്വന്തം മാഹാത്മ്യങ്ങള്‍ സാന്ദര്‍ഭികമായെന്നോണം നാടകീയമായി…

എല്ലാ കത്തുകളുടെയും അവസാനഭാഗത്ത് സമാനമായ ചില നിബന്ധനകള്‍ ചെറിയാന്‍ ആവര്‍ത്തിച്ചിരുന്നു. എന്നെ ഇഷ്ടമാണെങ്കില്‍ നാളെ ക്ലാസ്സില്‍ വരുന്പോള്‍ വെള്ളയില്‍ നീല പൂക്കളുള്ള ചുരിദാറും നീല ഷാളും ധരിക്കണം. ലിസയുടെ എല്ലാ വേഷങ്ങളും തന്നെ വിവിധ കത്തുകളിലൂടെ എഴുതി ചോദിച്ചിട്ടും ഒരു ദിവസം പോലും ലിസ ചെറിയാനു വേണ്ടി ഒന്നും ഡെഡിക്കേറ്റ് ചെയ്തില്ല.

തന്റെ കോംബിനേഷന്‍ ഇഷ്ടമാവാത്തതുകൊണ്ടാണ് തന്നെ ഇഷ്ടമാണെന്ന് സമ്മതിക്കുന്ന ചുരിദാര്‍ ധരിക്കാന്‍ അവള്‍ വൈകുന്നതെന്ന് സ്വയം ആശ്വസിച്ച് ചെറിയാന്‍ ചുരിദാര്‍ എടുത്തു പറയുന്നത് നിര്‍ത്തി. ഏതെങ്കിലും ചുവന്ന ചുരിദാര്‍, നീലയോ പച്ചയോ ചുരിദാര്‍ എന്നിങ്ങനെ ഭയങ്കരമായ കോംപ്രമൈസുകള്‍ക്ക് ചെറിയാന്‍ വിധേയനായി. താനയക്കുന്ന കത്തുകളൊക്കെ കൃത്യമായി അവള്‍ക്കു കിട്ടുന്നുണ്ടെന്ന് ചെറിയാനുറപ്പായത് അങ്ങനെയാണ്. താന്‍ നിര്‍ദേശിക്കുന്ന കളര്‍ റേഞ്ചിലുള്ള വേഷം ധരിക്കാതിരിക്കാന്‍ അവള്‍ ശ്രദ്ധിക്കുന്നതിലെ ഡെഡിക്കേഷന്‍ ചെറിയാനെ ഹഠാദാകര്‍ഷിച്ചു.

എങ്കില്‍ രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ എന്നുറപ്പിച്ച ചെറിയാന്‍ ഒടുവില്‍ എഴുതി- നാളെ ഏതു ചുരിദാറിട്ടു വന്നാലും ലിസയ്ക്ക് എന്നെ ഇഷ്ടമാണെന്ന് ഞാന്‍ വിശ്വസിക്കും !
കടുത്ത എതിര്‍പ്പുണ്ടെങ്കില്‍ അവള്‍ വരാതിരുന്നേക്കുമെന്ന് അവന്‍ ഭയപ്പെട്ടു. പക്ഷെ അവള്‍ വന്നു. ലിസ ജീവിതത്തില്‍ ആദ്യമായി സാരിയുടുക്കുന്നത് അന്നായിരുന്നു. തന്റെ ഉദ്യമങ്ങളെല്ലാം പരാജയപ്പെടാന്‍ വേണ്ടിയുള്ളതാണെന്ന് അതോടെ ചെറിയാനു ബോധ്യമായി.

പ്രണയനൈരാശ്യം ബാധിച്ച ചെറിയാനെ അതിന്റെ പേരില്‍ കൂട്ടുകാര്‍ ചൊറിയാന്‍ തുടങ്ങി. അങ്ങനെ അവള്‍ മാത്രം മിടുക്കിയായാല്‍ പറ്റില്ലല്ലോ എന്നായി ക്രിയാത്മകചിന്ത. റോഡില്‍ വച്ച് ചുംബിക്കുന്നതിനെക്കുറിച്ചും വീട്ടില്‍ ചെന്ന് വിവാഹമാലോചിക്കുന്നതിനെക്കുറിച്ചും പറ്റിയാല്‍ ഒന്നു റേപ്പ് ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ അവര്‍ ഹോസ്ററല്‍മുറിയിലിരുന്ന് ചര്‍ച്ച ചെയ്തു. ഒടുവില്‍ ലളിതമായ ഒരു പ്രതിവിധി കണ്ടെത്തി.

ഹോസ്റ്റലിന്റെ ചരിത്രാതീതകാലം മുതല്‍ ഇടനാഴിയിലെ കയറില്‍ ആരോ ഉണങ്ങാനിട്ടിരുന്ന മെന്‍സ് ഹോസ്റ്റലിന്റെ എംബ്ലമായിരുന്ന ജട്ടിയായിരുന്നു സംഗതി. ജട്ടിയെ ജട്ടിയെന്നു വിളിക്കാന്‍ അതിന്റെ രൂപം മാത്രമേയുണ്ടായിരുന്നുള്ളൂ. പഴക്കം കൊണ്ടുണ്ടായ വൈരൂപ്യത്തിനു പുറമേ അതില്‍ ഉപയോഗത്തിന്റെ മഹിമകൊണ്ട് ധാരാളം ദ്വാരങ്ങളുമുണ്ടായിരുന്നു. അവര്‍ എബ്ലം കയറില്‍ നിന്നെടുത്തു. ഒരു ബോട്ടില്‍ പശയില്‍ അത് മുക്കിയെടുത്തു, സുഗനധം പൂശി ഉണങ്ങാനിട്ടു.

ഉണങ്ങിവന്നപ്പോള്‍ മഹത്തായ കലാസൃഷ്ടിപോലെ അത് ദൃഡമായിരുന്നു. ഒരു കടലാസ് പെട്ടിയില്‍ അതിനെ പായ്ക്ക് ചെയ്ത് റെഡിയാക്കി. പുറത്ത് ലിസയുടെ വിലാസമെഴുതി. വടിവൊത്ത അക്ഷരങ്ങളില്‍ ഫ്രം വിലാസത്തില്‍ ചെറിയാന്റെയും.

പോസ്റ്റ് !

ലിസ ഗിഫ്ട് പായ്ക്കറ്റ് കൈപ്പറ്റുന്നതും തുറന്നു നോക്കുന്നതും ഞെട്ടുന്നതും ചെറിയാന്റെ പേരു കണ്ട് കലികൊള്ളുന്നതും പ്രിന്‍സിപ്പലിന്റെ അടുത്ത് പരാതിപ്പെടുന്നതുമായ രംഗങ്ങള്‍ പലകുറി ഹോസ്റ്റലിലെ മുറികളില്‍ അവതരിപ്പിക്കപ്പെട്ടു.

പക്ഷെ പ്രതീക്ഷയില്‍ നിന്ന് വിപരീതമായി ലിസ പരാതിപ്പെട്ടില്ല. ചെറിയാനെ കണ്ടപ്പോള്‍ ഭാവമാറ്റം കാണിച്ചുമില്ല. ചെറിയാന് മൂഡു പോയി. സാധനം ലിസയുടെ കയ്യില്‍ തന്നെ ഡെലിവര്‍ ചെയ്തതായി പോസറ്റ്മാനെ കണ്ട് ഉറപ്പുവരുത്തി. പിന്നെയീ പെണ്ണനിനെന്തു പറ്റി ?
ചെറിയാനെല്ലാറ്റിനോടും വിരക്തിയായി.

ക്ലാസ്സ് കഴിയാറായി.

അവസാനത്തെ ദിവസവും കഴിഞ്ഞ് വീട്ടിലേക്കു പോവുന്പോള്‍ വഴിയില്‍ ലിസ അവനെ കാത്തുനിന്നിരുന്നു. ഇത് മറ്റതിനുള്ള മറുപടിയാണ് !

ചെറിയാനെ തനിയെ വിട്ടിട്ട് കൂട്ടുകാര്‍ പിന്നില്‍ ശ്വാസമടക്കി കാത്തു നിന്നു.

അവള്‍ ചെരുപ്പൂരി അടിക്കുമോ ?ചിലപ്പോള്‍ അവളുടെ പഴയത് വല്ലതും കൊടുക്കുമായിരിക്കും…

സ് തോഭജനകമായ നിമിഷങ്ങള്‍ കടന്നുപോയി. ഒന്നും സംഭവിച്ചില്ല. ചെറിയാനെ ആദ്യം കാണുന്നതു പോലെ നോക്കി നിന്ന ലിസ ഒരു കത്ത് അവന് നീട്ടി. അത് വാങ്ങി പോവാന്‍ ഭാവിച്ചപ്പോള്‍ അവള്‍ പറഞ്ഞു- അതിലൊന്നുമെഴുതിയിട്ടില്ല !

ചെറിയാന് ശങ്കിച്ചു നിന്നു. അവവന്റെ കണ്ണില്‍ നോക്കിക്കൊണ്ട് ലിസ ഉറച്ചു പറഞ്ഞു- പിന്നേ… രണ്ടാഴ്ച മുന്പ് ഇയാളുടെ പേരില്‍ എനിക്കൊരു സാധനം കിട്ടിയിരുന്നു… ഹോസ്റ്റലിലുള്ള ആരോ അയച്ചതാ.. ഇയാളുടെ പേരുപയോഗിച്ചതിലേ എനിക്കു സങ്കടമുള്ളൂ… കൂട്ടുകാരെയൊന്നും വിശ്വസിക്കണ്ടാ കേട്ടോ ?

കേട്ടെങ്കിലും ചെറിയാന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇവളിത്ര മണ്ടിയാണോ ? ഇനി ബോബ് അയച്ചുകൊടുക്കണമായിരിക്കും.

തിരിഞ്ഞു നടക്കാന്‍ ഭാവിക്കുന്പോള്‍ അവള്‍ പറഞ്ഞു-പിന്നേ.. കൂട്ടുകാരോട് പറഞ്ഞേരേ ലിസയ്ക് ചോദിക്കാനും പറയാനും ഇയാളുണ്ടെന്ന് !

പെട്ടെന്ന് ചെറിയാന് അതിന്റെ പൊരുള്‍ മനസ്സിലായില്ല. ഇവനിത്ര മണ്ടനാണോ എന്നു വിചാരിച്ച് നാണം ഭാവിച്ച് ലിസമോള്‍ നടന്നകലുവോളം പൊരുള്‍ മനസ്സിലായ ചെറിയാന് ബോധം വീണില്ല.

സെക്കന്‍ഡ് ഹാന്‍ഡ്

•മേയ് 11, 2007 • ഒരു അഭിപ്രായം ഇടൂ

തോമയുടെ സ്വപ്നമായിരുന്നു അത്. വെളുത്തു തുടുത്ത് തുള്ളിച്ചാടി നടക്കുന്ന പഴയ പഴയ ഫിയറ്റ്. ഫിയറ്റ് കാറുകള് രൂപം മാറിയപ്പോഴും പുതിയവ വന്നപ്പോഴും തോമയുടെ അഭിനിവേശം കുറഞ്ഞില്ല. ആദ്യകാമുകിയില് തന്നെ ഉറച്ചു നില്ക്കുന്ന ഒരു പഴയ നാട്ടിന്പുറത്തുകാരനെപ്പോലെ തോമ സേവ്യര് മുതലാളിയുടെ വെളുത്ത ഫിയറ്റില് നിന്ന് കണ്ണെടുത്തില്ല.

സേവ്യര് മുതലാളിക്കാകട്ടെ തോമയുടെ അഭിനിവേശം അത്ര കാര്യമായി തോന്നിയുമില്ല. വിദേശത്ത് ജോലിയുള്ള, വല്ലപ്പോഴുമൊക്കെ നാട്ടിലെത്തുന്ന സേവ്യര് മുതലാളി വര്ഷത്തിലൊരിക്കല് നാട്ടില് വരുനപോള് മാത്രമാണ് കൊച്ചുഫിയറ്റ് ഉപയോഗിച്ചിരുന്നത്. 25 വര്ഷത്തിലേറെ പഴക്കമുണ്ടെങ്കിലും എന്ജിന് പുറത്തു പറയാന് കൊള്ളാത്ത പല തകരാറുകളുമുണ്ടെങ്കിലും തോമയ്ക്ക് ജീവനായിരുന്നു ആ ഫിയറ്റ്.

മുതലാളി വന്ന് ഒരു മാസത്തെ താമസത്തിനു ശേഷം മടങ്ങിക്കഴിഞ്ഞാല് തോമ വീണ്ടും സ്വപ്നങ്ങളില് മുഴുകും. കാരണം, ഡ്രൈവിങ് അറിയില്ലെങ്കിലും കാര് എന്നും കഴുകി വൃത്തിയാക്കിയിടുന്നതും ചൂടാക്കി ഉള്ള ആരോഗ്യം പോകാതെ സംരക്ഷിക്കുന്നതും ശ്രീ തോമയാണ്. കരിയര് റെക്കോര്ഡ് പ്രകാരം തോമ ഒരു ചെത്തുകാരനാണെങ്കിലും സോഷ്യലിസത്തില് വിശ്വാസമുള്ള സേവ്യര് മുതലാളിയ്ക്ക് തോമ സ്വന്തം ആളാണ്. ഒരു നാള് ആ ഫിയറ്റ് തന്റെ സ്വന്തമാകുമെന്ന സ്വപ്നമാണ് തോമയെ തോമയാക്കി നിലനിര്ത്തുന്നത്.

കാത്തു കാത്തിരുന്ന അവധിക്ക് സേവ്യര് മുതലാളിയെത്തിയപ്പോള് തോമ പെണ്ണു ചോദിക്കാന് പോകുന്ന രണ്ടാം കെട്ടുകാരനെപ്പോലെ അണിഞൊരുങ്ങി. താന് ചോദിക്കുന്ന ഭാഗം പല തവണ പരിശീലിച്ചു. മുതലാളിയോട് കൂടുതല് സനേഹവും വിധേയത്വവും കാണിച്ചു. മുതലാളി ഒരു വില പറഞ്ഞല് പോലും കുഴപ്പമില്ലെന്നുറപ്പിച്ച് തന്റെ ചെത്തുവരുമാനത്തില് നിന്ന് ചെറുതല്ലാത്ത തുക തോമ കരുതി വയ്ക്കുക പോലും ചെയ്തിരുന്നു.

ഒടുവില് മുതലാളി മടങ്ങാന് 10 ദിവസം ബാക്കി നില്ക്കെ തോമ അത് ചോദിച്ചു. പത്തു വര്ഷത്തിലേറെ തീവ്രമായി പ്രണയിച്ച ഫിയറ്റ് സുന്ദരിയുടെ താക്കോല് മുതലാളി തന്റെ കൈയ്യില് വച്ചു തരുന്ന സ്വപ്നം തോമയുടെ മനസ്സില് മലയാള ചാനലിലെ വാര്ത്ത പോലെ ഇടതടവില്ലാതെ ആവര്ത്തിച്ചു കൊണ്ടിരുന്നു.

തോമയുടെ ആവശ്യം കേട്ട മുതലാളി കുറെ നേരം ഷോക്കേറ്റെന്ന പോലെ നിന്നു. പിന്നെ മുറിയക്കകതേതക്കു പോയി. തോമയുടെ സ്വപ്നം പോലെ സ്വര്ണം കെട്ടിയ കീ ചെയിന് പോലും മാറ്റാതെ താക്കോല് കൈവെള്ളയില് വച്ചു കൊടുത്തപ്പോള് തോമ പുളകമണിഞ്ഞു.

മൂന്നാം ദിവസം സേവ്യര് മുതലാളിയെ ഉണര്ത്തിയത് ഭാര്യാസഹോദരന്റെ ഫോണ് കോളായിരുന്നു. അവിടെയടുത്ത് വരെ ചെന്നിട്ട് വീട്ടില് ചെല്ലാതെ പോന്നതിലുള്ള പരിഭവമായിരുന്നു കോളിന്റെ സാരം. താന് ആ വഴിക്കെങ്ങും പോയിട്ടില്ലെന്ന് ,സേവ്യര് മുതലാളി തീര്ത്തു പറഞ്ഞപ്പോള് അളിയന് ചൂടായി. രണ്ടു മണിക്കൂറിലേറെ സമയം കാറ് കള്ളുഷാപ്പിന്റെ മുന്പില് കിടക്കുന്നതും പിന്നെ കുറെ കുടിയന്മാരോടൊപ്പം സേവര് മുതലാളി മടങ്ങുന്നതും കണടെന്നായി സാക്ഷ്യം. കാറ് ഇഷ്ടദാനമായി കൊടുത്തത് മുതലാളി പറഞ്ഞെങ്കിലും കഥ വിശ്വസിക്കപ്പെട്ടില്ല.

പിന്നേറ്റ് മുതലാളിയുടെ സ്വന്തം സഹോദരി തന്നെ എരിച്ചു കളയുന്ന നോട്ടവുമായി വീട്ടിലേക്കു കയറി വന്നപ്പോള് തന്നെ സേവ്യര്ക്ക് ഭയമായി. മുതലാളിയുടെ കാര് നാട്ടിലെ ഒരു പ്രസ്ഥാനമായ കാറ്റാടിമുക്ക് ഗീതയുടെ വീടിനു മുന്പില് നാലു മണിക്കൂറോളം കിടന്നതാണ് വിവാദവിഷയം. അടുത്ത ദിവസം, ടൌണിലെ ബാറിനു മുന്പില്, പിറ്റേന്ന് ഗീതയുടെ മുറ്റത്ത്.

സേവ്യര് മുതലാളി പെട്ടെന്ന് ചീത്തയായ കഥ കേട്ട് നാട്ടുകാര് മൂക്കതത് വിരല് വച്ചു. കഥ കേട്ട ഗീതയും ശരി വച്ചു. മുതലാളി വരെ തന്റെ കസ്റ്റമറാണെന്നത് തന്റെ ഡിമാന്റിനെ ഗുണകരമായി സ്വാധീനിക്കുമെന്നുറപ്പുണ്ടായിരുന്ന ഗീത സംഗതി കൂടുതല് പ്രചരിപ്പിച്ചു.

അടുത്ത ദിവസം കാറിടിച്ചു കാള ചത്തതിനുള്ള നഷ്ടപരിഹാരം ചോദിച്ച് നാലു പേര് അത്ര സുഖമല്ലാതത ഭാഷയുമായി മുറ്റതത് വന്ന് നിന്നതോടെ മുതലാളി ചിലതൊക്കെ തീരുമാനിച്ചു.

മടങ്ങുന്നതിന്റെ തലേ ദിവസം തോമയെ കണ്ട് മുതലാളി കാര് തിരികെ ചേദിച്ചു. മോത കത്തിയെടുത്തു- “ദാനം തന്ന മുതല് തിരിച്ചു ചോദിക്കുന്നോടാ നാറീ ?”

മുതലാളി വിരണ്ടു. ഇത് പഴയ തോമയല്ല. കളം മാറ്റിച്ചവിട്ടുകയേ രക്ഷയുള്ളൂ. ചുമ്മാ തന്ന കാറല്ലേ അതിന്റെ നന്പരും പെയിന്റും മാറ്റി തന്റെ മാനം കാക്കണമെന്ന് മുതലാളി അഭ്യര്ഥിച്ചു. തോമ ചിരിച്ചു.-” ആ നെറോം നന്പരും കണ്ടിട്ടാ ഞാന് വണ്ടി മേടിച്ചേ.. അത് മാറ്റിയാല് പിന്നെ എന്തിനാടോ ഈ പാട്ട ?”

മുതലാളി വലഞ്ഞു. പറഞ്ഞ പണികള് ചെയ്യാനുള്ള തുക എത്ര തരാമെന്നായി. തോമ തുക വാങ്ങിയിട്ട് പറഞ്ഞു.-” മുതലാളി നാളെ തിരിച്ചു പോവ്വല്ലേ… പിന്നെ മാനക്കേടില്ലല്ലോ … അടുത്ത തവണ വരുന്പോഴേക്കും പോരേ.. നമുക്കാലോചിക്കാം… ”

വര്ഷം അഞ്ചു കഴിഞ്ഞു. അന്ന് പോയ മുതലാളി ഈ വര്ഷവും മടങ്ങിയെത്തിയിട്ടില്ല.

എസ്.ഐ. ജോര്‍ജിന്റെ ഭാര്യ

•മേയ് 11, 2007 • ഒരു അഭിപ്രായം ഇടൂ

എസ്.ഐ. ആയി പോസ്റ്റിങ് കിട്ടി നാലാം മാസമായിരുന്നു ജോര്‍ജിന്റെ കല്യാണം. സുന്ദരിയായ മേഴ്സി ജോര്‍ജിന്റെ ജീവിതത്തില്‍ പ്രണയവര്‍ണങ്ങള്‍ വാരിവിതറി.

തിരുവനന്തപുരത്തായിരുന്ന ജോര്‍ജിനെ കാസര്‍കോട്ടേക്കും പിന്നെ സ്വന്തം നാടായ കോട്ടയത്തേക്കും ട്രാന്‍സ്ഫര്‍ ചെയ്തു സര്‍ക്കാര്‍ ജോലി പൂര്‍ത്തിയാക്കി. എന്നാല്‍ ജോലി പൂര്‍ത്തിയാക്കാതെ തന്നെ പല ദിവസങ്ങളിലും ജോര്‍ജ് മേഴ്സിയെയും കൂട്ടി കോട്ടയം പട്ടണത്തിലൂടെ കറങ്ങി.

തന്റെ ഭാര്യ തീര്‍ച്ചയായും അസൂയാവഹമായ രീതിയില്‍ സുന്ദരിയാണെന്ന് ജോര്‍ജിനു തോന്നിയത് ഈ സമയങ്ങളിലാണ്. മേഴ്സിയെ തൊട്ടുതലോടി കടന്നു പോവുന്ന നോട്ടങ്ങളിലെ ആരാധന അവളെക്കാള്‍ നന്നായി ജോര്‍ജ് തിരിച്ചറിഞ്ഞിരുന്നു.

പ്രമാദമായ പല കേസുകളും തെളിയിച്ചതിന്റെ ക്രെഡിറ്റ് തന്റെ പേരിലുണ്ടാവണമെന്നു നിര്‍ബന്ധമുണ്ടായിരുന്ന ജോര്‍ജ് തന്റെ തെളിയിക്കപ്പെടാത്ത കൊലക്കേസ് ഡയറികള്‍ ഒന്നൊന്നായി ചികഞ്ഞെടുത്തു. സ് റ്റേഷനിലെ റൈറ്റര്‍ സൈമണ്‍ പുറത്തു പോയി നിന്നു ചിരിച്ചു.

പ്രമാദമായ കൊലക്കേസുകള്‍, മോഷണക്കേസുകള്‍, ബലാല്‍സംഗ-സ്ത്രീപീഡനക്കേസുകള്‍ … എല്ലാം പുനരന്വേഷണത്തിനു ശേഷം അതേ പോലെ തന്നെ ജോര്‍ജ് തിരികെ വച്ചു. വെറുതെ ചൊറിയാന്‍ കേസുകളെക്കുറിച്ചു ചോദിച്ച സൈമണെ നോക്കി ജോര്‍ജ് വികാരാധീനനായി.- ഇതൊക്കെ നിസ്സാരമല്ലേ… എല്ലാം ഞാന്‍ തന്നെ തെളിയിച്ചാല്‍ പിന്നെ ഇനി വരുന്നവര്‍ക്കും ഇവിടെ എന്തെങ്കിലും പണി വേണ്ടെ… ഈ രാജ്യത്ത് അടിയന്തിരമായി പരിഹരിക്കേണ്ടതായി കിടക്കുന്ന വേറെ നൂറുകണക്കിനു പ്രശ്നങ്ങളിലാണ് ഇനി ഞാന്‍ ശ്രദ്ധിക്കുന്നത്… അഴിമതി.. രാഷ്ട്രീയകൊലപാതകങ്ങള്‍… തീവ്രവാദം !

സൈമണ്‍ വിട്ടു.

അങ്ങനെ വര്‍ഷം രണ്ടു കഴിഞ്ഞു. മേഴ്സി എന്ന ഭാര്യ അമ്മയായപ്പോള്‍ കൂടുതല്‍ സുന്ദരിയായി. അയല്‍പക്കത്തെ ചെറുപ്പക്കാരുടെ ആരാധന നിറഞ്ഞ കണ്ണുകള്‍ ഇടയ്ക്കിടെ എസ്.ജോര്‍ജിന്റെ വീട്ടുമുറ്റത്തേക്ക് അറിയാതെ പാറിവീണുകൊണ്ടിരുന്നു.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെ പതിവു പട്രോളിങ്ങിനിടയില്‍ ഒരു ദിവസം തെക്കോട്ടുള്ള ബസുകള്‍ കിടക്കുന്ന പ്ലാറ്റ്ഫോമിനരികെ സംശയാസ്പദമായ രീതിയില്‍ കണ്ട യുവാവിനെ എസ്.ഐ.ജോര്‍ജ് പിടിച്ചു- ഹു ആര്‍ യു ?

ഒരു യാത്രക്കാരന്‍ ! -ചെറുപ്പക്കാരന്‍ പരുങ്ങി.

എവിടെയാണ് നിന്റെ വീട് ?

കോഴിക്കോട് ചെറൂപ്പേല്..

എങ്ങോട്ടാണ് യാത്ര ?

ഉത്തരം പറയും മുമ്പേ ചെറൂപ്പക്കാരന്‍ ഓടാന്‍ ഭാവിച്ചു. കരുത്തനായ എസ്.ഐയുടെ കൈത്തലങ്ങള്‍ അവനെ അടിച്ചു താഴെയിട്ടു.

ഇന്‍ക്രെഡിബിള്‍ !

അവന്റെ പോക്കറ്റില്‍ നിന്ന് ഏതാനും പേഴ്ലുകള്‍ താഴെ വീണു. ആദ്യം ജോര്‍ജിനു സങ്കടം തോന്നി. കര്‍ത്താവേ! ജീവിക്കാന്‍ വേണ്ടി പേഴ്സ് വിറ്റു നടക്കുന്ന ഒരു പാവപ്പെട്ടവനെയാണല്ലോ ഞാനടിച്ചു വീഴ്ത്തിയത്. പിന്നെയാണ് പോക്കറ്റടിയുടെ അനന്തസാധ്യതകളെക്കുറിച്ച് ജോര്‍ജ് ചിന്തിച്ചത്. നിലത്തു കിടന്ന പേഴ്സുകള്‍ ഓരോന്നായി ജോര്‍ജ് പെറുക്കിയെടുത്തു.

ചുറ്റും ആളു കൂടി. പേഴ്സുകള്‍ കൈയ്യില്‍ നിരത്തിപ്പിടിച്ച് ജോര്‍ജ് ചെറൂപ്പക്കാരനെ നോക്കി. ചെറൂപ്പക്കരന്‍ മിന്നല്‍വേഗത്തിലെണീറ്റു പാഞ്ഞു.
പാവം ജോര്‍ജിനെ നോക്കി ജനം ചിരിച്ചു. താന്‍ തോറ്റിട്ടില്ല എന്നു സ്ഥാപിക്കാന്‍ എസ്.ഐ.ജോര്‍ജ് പറഞ്ഞു- അല്ലെങ്കിലും എനിക്കു വേണ്ടത് അവനെയല്ല.. ഈ പേഴ്സുകളായിരുന്നു…!

ഞാന്‍ പറഞ്ഞില്ലേടാ… അവന്‍മാര്‍ ഒത്തുകളിയാ…-ഒരു ജനം പറഞ്ഞു- അവന്‍ അടിച്ചോണ്ടു വന്ന പേഴ്സുകള്‍ വാങ്ങിയിട്ട് പിന്നേം വിട്ടിരിക്കുവാ… കൃഷിയല്ലേ.. നമ്മള്‍ നാട്ടുകാരു തന്നെ കൈകാര്യം ചെയ്യേണ്ടി വരും.

കാലാവസ്ഥ മോശമാകുന്നത് കണ്ട് ജോര്‍ജ് പിന്‍വാങ്ങി. സ് റ്റേഷനിലെത്തി പേഴ്സുകള്‍ പരിശോധിച്ചു. ഒന്നിലും പൈസയില്ല. കുറെ വിസിറ്റിങ് കാര്‍ഡുകള്‍, തുണ്ടുകടലാസുകള്‍, പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍, ഫോണ്‍ നമ്പരുകള്‍. പുരുഷന്മാരുടെ പേഴ്ലിന് ഒരേ സ്വഭാവമാണെന്ന് ജോര്‍ജിനു തോന്നി.

അവസാനത്തെ പേഴ്സ് പരിശോധനക്കെടുത്ത ജോര്‍ജ് ഞെട്ടി. അതിന്റെ ഉള്ളില്‍ വളരെ വ്യക്തമായി കാണാവുന്ന പാകത്തില്‍ തന്റെ ഭാര്യയുടെ ഫോട്ടോ. ജോര്‍ജ് വിയര്‍ത്തു. കൈകള്‍ വിറച്ചു. ആ പേഴ്സ് അടിമുടി പരിശോധിച്ചു. ആ ഫോട്ടോയും 27.50 പൈസയ്ക്ക് യാത്ര ചെയ്തതിന്റെ കെ.എസ്.ആര്‍.ടി.സി. ബസ് ടിക്കറ്റുമല്ലാതെ യാതൊന്നും അതിലുണ്ടായിരുന്നില്ല.

അത് തന്റെ ഭാര്യ മേഴ്സി തന്നെയാണെന്ന് ജോര്‍ജ് ഉറപ്പു വരുത്തി. അതെ, ഇത് തന്റെ വീട്ടിലെ ആല്‍ബത്തിലിരുന്ന ചിത്രമാണ്. അതോ മേഴ്സിയെപ്പോലെ മറ്റാരെങ്കിലും…

ജോര്‍ജ് ഫോണെടുത്തു ഭാര്യയെ വിളിച്ചു- മോളെ നിന്നെപ്പോലെ കുടുംബത്തില്‍ വേറെയാരെങ്കിലും ?

നെവര്‍..ഞാന്‍ ഞാന്‍ മാത്രമാണ്..ന്തേ വേറെ വേണോ ?

നോ..നോ.. വഴിയില്‍ ഇന്ന് നിന്റെ ഛായയുള്ള ഒരുത്തിയെ കണ്ടു.. അപ്പോള്‍ വെറുതെ ചേദിച്ചുവെന്നു മാത്രം !

ജോര്‍ജ് ഫോണ്‍ വച്ചു. വിറയോടിരുന്നു. ഇപ്പോള്‍ ചിത്രം വ്യക്തമാണ്. വീട്ടിലെ ആല്‍ബത്തിലിരുന്ന ചിത്രം അവള്‍ ആര്‍ക്കോ നല്‍കിയിരിക്കുന്നു. അവന്റെ പേഴ്സ് ആണ് പോക്കറ്റടിക്കരാന്റെ കൈയ്യില്‍ നിന്ന് തനിക്ക് ലഭിച്ചത്. ജോര്‍ജ് നേരേ കണ്‍ ട്രോള്‍ റൂമില്‍ വിളിച്ചു. പോക്കറ്റടിക്കാരന്റെ ലക്ഷണങ്ങള്‍ പറഞ്ഞു കൊടുത്തു.

ഇവനെ ഉടനെ പൊക്കണം.. തീവ്രവാദിയാണോ എന്നു സംശയമുണ്ട്…

രാത്രിയാണെങ്കിലും ജോര്‍ജിന്റെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പേഴ്സില്‍ നിന്നു കിട്ടിയ അവശേഷിക്കുന്ന തെളിവായ ബസ് ടിക്കറ്റുമായി കെ. എസ്. ആര്‍. ടി. സി. സ്ററേഷനില്‍ ചെന്നു.-
ഈ ടിക്കറ്റ് ആര് എങ്ങോട്ടെടുത്തു അയാള്‍ എവിടെയിറങ്ങി തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ പറ്റുമോ ?

എന്‍ക്വയറിയാശാന്‍ അഴികള്‍ക്കിടയിലൂടെ നോക്കി- നിങ്ങള്‍ പൊലീസുകാരന്‍ തന്നെയല്ലേ ?

ജോര്‍ജ് മടങ്ങി. കലുഷിതമായിരുന്നു അയാളുടെ മനം. വീട്ടില്‍ മേഴ്സി തനിച്ചാണ്. അയല്‍പക്കത്തെ വീടുകളിലെല്ലാം ചെറുപ്പക്കാര്‍. അവരില്‍ ആരുടേതായിരിക്കും ഈ പേഴ്സ് ?

അതോ ദൂരെയെവിടെയെങ്കിലുമുള്ള ആരെങ്കിലുമാണോ ? വിവാഹത്തിനു മുമ്പേ ഉള്ള ബന്ധമായിരുന്നിരിക്കാം. മറക്കാന്‍ തീരുമാനിച്ച് പിരിഞ്ഞതാവാം ഇരുവരും. പിരിയാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ പിന്നെയും… ജോര്‍ജ് സ് റ്റേഷനില്‍ മടങ്ങിയെത്തി മേശമേല്‍ തല വച്ചു കിടന്നു.

ഫോണ്‍ ബെല്ലടിച്ചു. കണ്‍ ട്രോള്‍ റൂമില്‍ നിന്നാവും. ജോര്‍ജ് പ്രതീക്ഷയോടെ ഫോണെടുത്തു. മേഴ്സിയായിരുന്നു.-അച്ചായന്‍ ഇന്നു വരുന്നില്ലയോ ?

ഹും.. ഞാന്‍ വരുന്നില്ലെങ്കില്‍ വരാന്‍ വേറെയാളുണ്ടാവും..-ജോര്‍ജ് മനസ്സില്‍ പറഞ്ഞു.

നിമിഷങ്ങള്‍ക്കകം കണ്‍ ട്രോള്‍ റൂമില്‍ നിന്നു വിളിച്ചു- പ്രതി പിടിയില്‍. പ്രതിയെ ഹാജരാക്കിയപ്പോള്‍ ജോര്‍ജ് വിറ കൊണ്ടു- നിനക്കെവിടെ നിന്നു കിട്ടി ഈ പേഴ്സ് ?

സംഗതി വേറെ ലൈനാണെന്ന് പ്രതിക്കു മനസ്സിലായി-നെടുമ്പാശ്ശേരി വിമാനത്താവളത്തീന്ന് !

സത്യം പറയെടാ !

പാലാ കുരിശുപള്ളീടെ മുന്നീന്നാണേ !!

പത്തു മിനിട്ടു കൊണ്ട് വേറെ 15 സ്ഥലങ്ങള്‍ കൂടി പറഞ്ഞിട്ട് പ്രതി ലോക്കപ്പില്‍ കിടന്നുറങ്ങാന്‍ പോയി.

എസ്.ഐ.ജോര്‍ജ് ഉറക്കമില്ലാതെ ഒരാഴ്ച പിന്നിട്ടു. ഇടയ്ക്ക് കോളനിയിലെ ഒരു മോഷണക്കേസില്‍ സംശയമുണ്ടെന്നു പറഞ്ഞ് അടുത്തുള്ള വീടുകളിലെ മുഴുവന്‍ ചെറുപ്പക്കാരെയും കൊണ്ടു വന്നു മര്‍ദ്ദിച്ചതിന് ഡി.വൈ.എസ്.പി.യുടെ ശാസനയും കിട്ടി. ഭാര്യയും ജോലിയുമില്ലാത്ത ജീവിതമാണ് മുന്നിലുള്ളതെന്ന് ജോര്‍ജിനു തോന്നി.

ഒടുവില്‍ ഒരു ഞായറാഴ്ച പള്ളിയില്‍ പോയി വന്ന ജോര്‍ജ് പേഴ്സുമായി മേഴ്ലസിയെ സമീപിച്ചു- ഇത് നീ കണ്ടിട്ടുണ്ടോ ?

അവളുടെ മുഖത്ത് വിവിധഭാവങ്ങളൊന്നും മിന്നിമറഞ്ഞില്ല. അവള്‍ ഓര്‍ത്തു നോക്കി.
കണ്ടിട്ടുള്ളതു പോലെ… !

മിടുക്കി. സഹകരിക്കുന്നുണ്ട്. പോക്കറ്റില്‍ നിന്ന് ഫോട്ടോ കൂടി എടുത്തു- ഇതോ ?

യ്യോ ?..ഇതു ഞാനല്ലേ ? ശൊ ! അന്നൊക്കെ ഞാനെന്തു ഭംഗിയായിരുന്നല്ലേ ?

ആരെടുത്തതാണീ ഫോട്ടോ ?

യ്യോ ! ഇതച്ചായനെടുത്തതല്ലേ ? മൂന്നാറില്‍ വച്ച് …ഇത് നമ്മുടെ ആല്‍ബത്തിലുണ്ടായിരുന്നല്ലോ… ഇപ്പോ എവിടുന്നു കിട്ടി ?

നീയിതാര്‍ക്കാണ് കൊടുത്തത് ?

ആര്‍ക്കു കൊടുക്കാന്‍ … കല്യാണം കഴിഞ്ഞ് കോട്ടയത്ത് പോസ്റ്റിങ് കിട്ടിയപ്പോള്‍ അച്ചായനല്ലേ അത് പേഴ്സില്‍ വയ്ക്കാനെടുത്തോണ്ടു പോയത്.. ആ പേഴ്സ് അച്ചായന്റെ കൈയ്യീന്ന് പോക്കറ്റടിച്ചു പോയിരുന്നല്ലോ … ഇതു തന്നെയാണല്ലോ ആ പേഴ്സ് .. ഇപ്പൊ ഇതൊക്കെ എവിടുന്നു കിട്ടി ?

ജോര്‍ജിന്റെ മനസ്സിലൂടെ ഒരു വെളിച്ചം കടന്നു പോയി. ദൈവമേ ഒരു വര്‍ഷം മുമ്പ് തന്റെ കൈയ്യില്‍ നിന്ന് തന്നെ മോഷണം പോയ പേഴ്സാണല്ലോ ഇത്. തന്റെ ഭാര്യയെ സംശയിച്ചു പോയതില്‍ ജോര്‍ജിനു കുറ്റബോധം തോന്നി.

ഈ പേഴ്സ്… ഇത് ഞാന്‍ വളരെ കഷ്ടപ്പെട്ട് കണ്ടെത്തിയതാണ്… നിനക്ക് ഒരു സര്‍ പ്രൈസാകട്ടെയെന്ന് കരുതി പൊലീസ് രീതിയില്‍ ചോദിച്ചതല്ലേ !

ദൃഢമായ ആലിംഗനത്തിലമര്‍ന്ന് കൂടുതല്‍ ദൃഢമായ ബന്ധത്തിന്റെ കുളിര്‍മയില്‍ സ്വയം മറന്ന ജോര്‍ജിനൊപ്പം മുറിയിലേക്കു കയറുമ്പോള്‍ മതിലിനപ്പുറത്തു നിന്ന് ആശ്വാസത്തോടെ ചിരിച്ച ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കാന്‍ അവള്‍ മറന്നില്ല.

‘ചൊച്ചിസം’

•മേയ് 11, 2007 • ഒരു അഭിപ്രായം ഇടൂ

കുഞ്ഞുമോന് മാത്രം ചൊച്ച് വെറും പൂച്ചയായിരുന്നില്ല. പൂച്ചയായി ജനിച്ചതു കൊണ്ടു മാത്രം കുഞ്ഞുമോനെ തന്റെ ഉടയോനായി കാണാന് ചൊച്ചും തയ്യാറായിരുന്നില്ല.

അവര് തമ്മിലിണങ്ങിയും പിണങ്ങിയും വളര്ന്നു. കൂര്ത്തു നീണ്ട നഖമുനകളാല് കുഞ്ഞുമോന്റെ വെളുത്തു സുന്ദരമായ മുതുകത്ത് ചൊച്ച് മൃഗീയ സ്നേഹത്തിന്റെ മുദ്രാവാക്യങ്ങളെഴുതി.

അവര് തമ്മില് അപാരമായ ഒരാത്മബന്ധമുണ്ടായിരുന്നു. പൂച്ചയ്ക്ക് അത്മാവുണ്ടോ എന്ന കാര്യത്തില് ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും തല്ക്കാലം തന്റെ ചൊച്ചിനു മാത്രം ഒന്നിരിക്കട്ടെ എന്ന് കുഞ്ഞുമോന് നിശ്ചയിച്ചു.

അങ്ങനെ കാലം കടന്നു പോയി. കുഞ്ഞുമോന് തന്റെ കലാപകലുഷിതമായ കൌമാരം പിന്നിട്ട് മധുരവികാരങ്ങള് ആര്ത്തിരന്പുന്ന യൌവനത്തില് പ്രവേശിച്ചു. ചൊച്ച് അപ്പോഴേക്കും യൌവനം പിന്നിടാറായിരുന്നു.

ഇന്ത്യയിലെവിടെയും തനിയ്ക്കനുയോജ്യയായ വധുവിനെ കണ്ടെത്താനാവാതെ കുഞ്ഞുമോന് ഗോരക്പൂര്, സുനോലി വഴി അതിര്ത്തി കടന്ന് നേപ്പാളിലെത്തി. പൊക്രയില് നിന്ന് ഒരു സുന്ദരിയെ ഭാര്യയാക്കി തിരിച്ചെത്തി.

പുതിയ കുടുംബത്തിന്റെ പുതിയ ഭാഷയില് താന് അന്യനായതു പോലെ ചൊച്ചിനു തോന്നി. ക്ഷമയുടെ നെല്ലിപ്പലക മേല് ഉറങ്ങിയും കലി പൂണ്ട് മാന്തിയും ചൊച്ച് സമയം കഴിച്ചു.

ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലുള്ള പ്രശ്നങ്ങളില് മെല്ലെ പക്വതയുള്ള കാരണവരെപ്പോലെ ചൊച്ച് ഇടപെട്ടു തുടങ്ങി. ഏകാന്തയാമങ്ങളില് കുഞ്ഞുമോന് മലയാളത്തിലും ഭാര്യ നേപ്പാളിയിലും ചൊച്ചിനോട് പരിഭവങ്ങള് പറഞ്ഞു.

എല്ലാറ്റിനും ചൊച്ച് പരിഹാരമുണ്ടാക്കി. ഒടുവില് അപ്രതീക്ഷിതമായി ഒരു ദിനം തന്റെ ഒന്പതാം വയസ്സില് ചൊച്ച് ഈ ലോകത്തോട് വിട പറഞ്ഞു.ചൊച്ചിന് ആത്മാവുണ്ടെന്ന് വിശ്വസിച്ചിരുന്നതു കൊണ്ട് കുഞ്ഞുമോന് അതിന്റെ നിത്യശാന്തിക്കായി നിത്യവും പ്രാര്ത്ഥിച്ചു.

ചൊച്ച് മൃതിയടഞ്ഞെങ്കിലും കുഞ്ഞുമോന്റെ ജീവിതത്തില് നിന്ന് പ്രശ്നങ്ങള് ഒഴിഞ്ഞിരുന്നില്ല. പ്രതിസന്ധികള് തന്നെ വേട്ടയാടിയപ്പോള് തനിച്ചാണെന്നു തോന്നിയ കുഞ്ഞുമോന് ചൊച്ചിന്റെ കുഴിമാടത്തിങ്കല് നിന്ന് തന്റെ പ്രശ്നങ്ങള് പങ്കു വച്ചു. അദ്ഭുതമെന്നോണം പിറ്റേന്ന് ഒരു വഴി കണ്ടെത്തുന്നതായി കുഞ്ഞുമോന് കണ്ടെത്തി. മരണശേഷം ചൊച്ചിന്റെ ആത്മാവ് നല്ല സ്ഥിതിയില് എവിടെയോ ഉണ്ടെന്ന തിരിച്ചറിവ് കുഞ്ഞുമോനുണ്ടായി.

കൂടുതല് വിശ്വാസത്തോടെ കുഞ്ഞുമോനും ഭാര്യയും ചൊച്ചില് അഭയം തേടി. അവരുടെ പരിവേദനങ്ങള് പിന്നെ പ്രാര്ഥനകളായി. ബഹുരാഷ്ട്ര ദന്പതികളുടെ അനുഭവം കേട്ട് അയല്ക്കാരും ചൊച്ചിങ്കല് അഭയം തേടി. അവര്ക്കും ഉദ്ദിഷ്ട കാര്യം സാധിച്ചതിന്റെ കഥകളേ പറയാനുണ്ടായിരുന്നുള്ളൂ.അങ്ങനെ ചൊച്ച് ഗ്രാമത്തിന്റെ വിശുദ്ധനായി. നാട്ടുകാര് ചേര്ന്ന് ചൊച്ചിന്റെ കുഴിമാടത്തിങ്കല് മാര്ബിള് ഫലകങ്ങള് ചാര്ത്തി. കുറെക്കൂടി സ്ഥലം വാങ്ങി അവിടം ഒരു പൂങ്കാവനമാക്കി. മെല്ലെ അതൊരു തീര്ത്ഥടന കേന്ദ്രമായി.

ഭാരതത്തിന്റെ ആത്മാവ് ചികഞ്ഞെത്തിയ വിദേശികള് ഡയറി തുറന്നു വച്ചു ചോദിച്ചു: എന്താണീ മതത്തിന്റെ പേര് ?
കുഞ്ഞുമോന് പെട്ടെന്നുത്തരം മുട്ടി.
പിന്നെ, സൌമ്യനായി വലിയൊരു രഹസ്യം വെളിപ്പെടുത്തുന്നതു പോലെ പറഞ്ഞു: ‘ചൊച്ചിസം’

പളുങ്ക്

•മേയ് 11, 2007 • ഒരു അഭിപ്രായം ഇടൂ

ടീച്ചറായിരുന്നു എന്നതിലുപരി സുന്ദരിയായിരുന്നു പളുങ്ക്.
സൌന്ദര്യം നുകരാനും അതിന്റെ വിശേഷം പകരാനും സാധ്യതയേറെയുള്ള ഹൈസ്കൂള്‍ ക്ളാസ്സിലെ ബി ഡിവിഷനില്‍ പളുങ്ക് തേന്‍ പോലുള്ള ശബ്ദത്തില്‍ കവിതകള്‍ മൂളിയപ്പോള്‍ കുട്ടികള്‍ ശ്വാസം വിടാതിരുന്നു.

ക്ളാസ്സിനു മുന്നിലൂടെ ആരാധനയോടെ കടന്നു പോയവരെല്ലാം പളുങ്ക് എന്നത് ടീച്ചറുടെ അപരനാമമാണെന്നത് വിസ്മരിച്ചു. അഴകില്‍ ചാലിച്ചെഴുതിയാലും പൂര്ത്തിയാകാത്ത സൌന്ദര്യത്തിന്റെ തങ്കപ്പളുങ്കായ പളുങ്കിന് വേറെ പേര് ചേരില്ലെന്ന് എല്ലാവര്ക്കമറിയാമായിരുന്നു.

എട്ടാം ക്ളാസ്സിലെ മലയാളം മാഷിന് നാല്‍പതിനോടടുത്താണ് പ്രായം. ഹൈലൈറ്റ് ‘റ’പോലെ വളഞ്ഞു നില്‍ക്കുന്ന മീശയാണ്. മാഷിന് കുട്ടികള്‍ നല്‍കിയ പേര് റാച്ചന്‍ .

കാര്ക്കോടകന്‍ എന്ന പേര് കണക്ക് മാഷിനാണ് കിട്ടിയത്. അവിവാഹിതന്‍ അന്‍പതിനോടടുത്ത പ്രായം. ദുര് വാശിക്കാരന്‍. കെമിസ്ട്രി മാഷിനെ കുട്ടികള്‍ കഷണം എന്നു വിളിച്ചു.

പഞ്ചായത്തുഭരണത്തിനിടയില്‍ വല്ലപോഴും ക്ളാസ്സില്‍ വന്നെങ്കിലായി, ഇല്ലെങ്കിലായി. പഞ്ചായത്തു കമ്മിറ്റി കഴിഞ്ഞാല്‍ കുറച്ചു ദിവസം ആശുപത്രിയിലായിരിക്കും.കുട്ടികളോട് ഉപദ്രവമില്ല.

കടല്‍പ്പാണ്ടി, വടിവര്ക്കി, ബ്രാക്കറ്റ് തോമ, അമ്മാതിരി തുടങ്ങിയ പേരുകളും അധ്യാപകരുടെ തലക്കുറിയില്‍ വിദ്യാര്ഥികള്‍ ചാര്ത്തി നല്‍കി കാലങ്ങളോലം നിലനിന്നവ തന്നെ.
കറുത്ത് അത്ര സൌന്ദര്യമില്ലാത്ത രൂപമുണ്ടായതാണ് കടല്‍പ്പാണ്ടി എന്ന പേരിന് രൂപം നല്‍കിയത്. വടിവര്ക്കി നടപ്പിലും എടുപ്പിലുമെല്ലാം വടി പോലെ.

ബ്രാക്കറ്റ് തോമയുടെ കാലുകള്‍ ഇരുവശത്തേക്കും ബ്രാക്കറ്റ് പോലെ വളഞ്ഞിരിക്കുന്നതാണ് അദ്ദേഹം ചെയ്ത കുറ്റം. അമ്മാതിരി സാര് എന്തു പഠിപ്പിച്ചാലും ‘അമ്മാതിരി’എന്ന വാക്ക് ചുമ്മാതങ്ങുപയോഗിക്കും. ഉദാ:അമ്മാതിരി വരവായിരുന്നു രാവണനപ്പോള്‍.

ഷര്ട്ട് നന്നായി ഇസ്തിരിയിട്ടു വരുന്ന ഇസ്തിരി മത്തായിയും പവയ ലാംബി സ്കൂട്ടറിലെത്തുന്ന ലാംബിസാറും ഉച്ചത്തില്‍ ക്ളാസ്സെടുക്കുന്ന പടക്കവും കാവിവേഷം ധരിക്കുന്ന കാവിസാറും തുടങ്ങി അപരനാമം വഴി പ്രസിദ്ധിയും കുപ്രസിദ്ധിയും നേടിയ അധ്യാപകരുടെ സ്മരണയ്ക്കു മുന്നില്‍ തല കുനിക്കുന്നു…